ഫ്രാങ്ക്ഫർട്ട്: വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിക്ക് അടിയന്തര പാസ്പോർട്ട് അനുവദിച്ച് ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ്.യാത്രയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയും കുടുംബവും ഉടൻ ഫ്രാങ്ക്ഫർട്ടിൽ നിന്ന് കേരളത്തിലേക്ക് പറക്കും.
ഒക്ടോബർ അഞ്ചിനാണ് ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുൻപ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.
ഷോൺ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ് കുഞ്ഞിന് പാസ്പോർട്ടും പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
തുടർയാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതിൽ സന്തോഷമുണ്ട്. മാതാപിതാക്കൾക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോൺസുലേറ്റ് ട്വീറ്റിൽ കുറിച്ചു.
Comments
Post a Comment