സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല | മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം
31/01/ 2022
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും.
അടുത്ത ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്നും യോഗം തീരുമാനിച്ചു. അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായറാഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം.
വാക്സിനേഷനു വേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക. ഹോട്ടലുകൾക്കും ബേക്കറികൾക്കും പാഴ്സൽ സർവീസ് നടത്തുന്നതിനായി തുറന്നു പ്രവർത്തിക്കാം. പാൽ, പച്ചക്കറി, പഴം, പലചരക്ക്, മത്സ്യം, ഇറച്ചി തുടങ്ങിയ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ അവശ്യ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം.
എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചു. അതിരൂക്ഷ കോവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റഗറിയിൽ തന്നെ തുടരും.
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി അവലോകനയോഗത്തിൽ നിർദേശിച്ചു.
അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായസാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡേൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.
അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകന യോഗത്തിലെ പ്രതീക്ഷ.
കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോഗം വിലയിരുത്തി.
Comments
Post a Comment