MG University | SSLC തോറ്റ എല്‍സി MG യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയതിൽ ക്രമക്കേടുണ്ടോ? വിജിലന്‍സ് പരിശോധിക്കുന്നു
ചുരുങ്ങിയ സമയത്തിനുള്ളിൽ ബിരുദം ഉൾപ്പെടെ നേടിയെടുത്ത എൽസി സർവകലാശാലയിൽ ഇടത് സംഘടനയുടെ പ്രധാനപ്പെട്ട മുന്നണി പോരാളികളിൽ ഒരാളായിരുന്നു.
എംജി സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റിനു വേണ്ടി കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരിയായ എൽസിയുടെ നിയമനം വിജിലൻസ് പരിശോധിക്കുന്നത്. 2009 ൽ പ്യൂൺ തസ്തികയിൽ ആണ് എൽസി സർവകലാശാലയിൽ ജോലിക്ക് കയറുന്നത്. ഈ സമയം അവർ എസ്എസ്എൽസി പാസ് ആയിരുന്നില്ല. 2016 ലാണ് നിയമനങ്ങൾ PSCക്ക് വിട്ടത്. ഇതിനു തൊട്ടു മുൻപ് എൽസി ഉൾപ്പെടെയുള്ളവർ സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലിക്ക് കയറുകയായിരുന്നു.
2010ല്‍ ജോലിക്ക് കയറിയ എൽസി തുടർന്ന് ബിരുദം വരെ നേടിയെടുത്തു. ആറു വർഷത്തിനുള്ളിൽ താഴെതട്ടിലുള്ളവരെ അസിസ്റ്റന്റ് ആയി നിയമിക്കാം എന്ന യൂണിവേഴ്സിറ്റി ഉത്തരവിലൂടെ ഉന്നത പദവിയിൽ എത്തി. പിഎസ്‌സി നിയമനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ശതമാനം ആളുകളെ മാത്രമായിരുന്നു നിയമിക്കാൻ തീരുമാനം ഉണ്ടായിരുന്നത്. എന്നാൽ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇത് നാലു ശതമാനമാക്കി ഉയർത്തി. അങ്ങനെ 4% പേർക്ക് നിയമനം ലഭിച്ചതോടെ എംജി സർവകലാശാലയിലും സമാധാനമായി ഉത്തരവ് വന്നു. അങ്ങനെയാണ് എൽസി ഉൾപ്പെടെയുള്ളവർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ബിരുദം ഉൾപ്പെടെ നേടിയെടുത്ത എൽസി സർവകലാശാലയിൽ ഇടത് സംഘടനയുടെ പ്രധാനപ്പെട്ട മുന്നണി പോരാളികളിൽ ഒരാളായിരുന്നു. സർവകലാശാല നിയമനം രണ്ട് ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കി ഉയർത്തിയതിനുപിന്നിൽ ഇടതു സംഘടനയുടെ നിർണായക നീക്കം ഉണ്ടായിരുന്നു. ഇടതു സംഘടനയായ എംപ്ലോയിസ് അസോസിയേഷൻ നൽകിയ കത്ത് പരിഗണിച്ചാണ് സർവകലാശാല താഴെ തസ്തികയിലുള്ളവരിൽ നാല് ശതമാനം പേർക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചത്. എഴുത്തുപരീക്ഷ ഇല്ലാതെ നടന്ന ഈ നിയമനത്തിൽ ക്രമക്കേട് നടന്നൊ എന്ന സംശയമാണ് വിജിലൻസ് പങ്കുവയ്ക്കുന്നത്.
അഴിമതിക്ക് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഇതിനു സംശയിക്കുന്നു. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ ആണ് വിജിലൻസ്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യാപകമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.ക്രമക്കേട് നടന്ന എംജി പരീക്ഷാഭവനിലെ എംബിഎ സെക്ഷനിലെ മറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വിജിലൻസ് നീക്കം നടത്തുന്നത്.
Comments
Post a Comment