കോട്ടയം : ഒക്ടോബർ പതിനാറാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകി. പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടത് സംബന്ധിച്ചും, കൃഷിനാശം സംബന്ധിച്ചും, ഉപജീവനമാർഗങ്ങൾ നഷ്ടമായത് സംബന്ധിച്ചും, കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിച്ചത് സംബന്ധിച്ചും ഗവർണറെ ധരിപ്പിച്ചു.
കൂടാതെ റോഡുകളും, പാലങ്ങളും ഒലിച്ചുപോയതും, ഗതാഗത, വാർത്താവിനിമയ ജലവിതരണം, വൈദ്യുതി ബന്ധങ്ങൾ ആകെ തകരാറിലായതും ഒക്കെ അടിയന്തരമായി പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംബന്ധിച്ചും ഗവർണറെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു.
ഇക്കാര്യങ്ങൾക്കൊക്കെ കേന്ദ്രസഹായം ഉറപ്പു വരുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഗവർണർ ഉറപ്പു നൽകി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളെ മേഖലയിലേക്ക് അയക്കണമെന്ന് നിർദ്ദേശിക്കുമെന്നും സമീപനാളിൽ തന്നെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ഗവർണർ അറിയിച്ചു.
Comments
Post a Comment